രാജ്യത്തെ പുനഃനിർമിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം; തമിഴ് ദേശീയ സഖ്യവുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ് ഗോതഭയ രാജപക്‌സെ

single-img
26 March 2022

സാമ്പത്തിക- ഭക്ഷ്യ ഇന്ധന പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതഭയ രാജപക്‌സെ തമിഴ് നാഷണൽ അലയൻസ് (ടിഎൻഎ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ രാജ്യത്തിന്റെ പുനർനിർമ്മാണത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം തമിഴ് സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു.

ശ്രീലങ്കയെ പുനഃനിർമിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം, തന്നെ സന്ദർശിച്ച തമിഴ് ദേശീയ സഖ്യം (ടിഎൻഎ) നേതാക്കളോട് പറഞ്ഞു. രാജ്യത്തിന്റെ മുഴുവൻ നേതാവെന്ന നിലയിൽ എല്ലാ സമുദായങ്ങളുടെ കാര്യത്തിലും തുല്യ ശ്രദ്ധ നല്‍കുമെന്ന് രാഷ്ട്രപതി നേതാക്കൾക്ക് ഉറപ്പുനൽകി. രാഷ്ട്രപതിയുടെ മാധ്യമ വിഭാഗമാണ് ഈ വിവരം അറിയിച്ചത്.

ദീർഘകാലമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന പ്രതികളെ മോചിപ്പിക്കുക, കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാത്ത പ്രതികളുടെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക, തീവ്രവാദം തടയൽ നിയമം തുടങ്ങിയവ എന്നിവയെക്കുറിച്ച് നേതാക്കള്‍ യോഗത്തിൽ ചര്‍ച്ച ചെയ്‌തു.

ഏകദേശം രണ്ടുമണിക്കൂറിലേറെ ചര്‍ച്ച നീണ്ടുനിന്നു. ശ്രീലങ്കയുടെ വടക്കും കിഴക്കും ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളുടെയും ലക്ഷ്യങ്ങള്‍ നേടുന്നതിലൂടെ രാജ്യം വികസനത്തിലേക്ക് കുതിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.