തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു; കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ

single-img
26 March 2022

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ച പശ്ചാത്തലത്തില്‍, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈ മാസം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലായിരുന്നു യുപി , ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിരുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പുനഃസ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ താത്പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.