തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ധോണി കളം നിറഞ്ഞു; കൊൽക്കത്തയ്ക്ക് ജയിക്കാൻ 132 റണ്‍സ്

single-img
26 March 2022

പഴയകാല ഫോമിലേക്കുള്ള എംഎസ് ധോണിയുടെ തിരിച്ചുവരവിൽ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇപ്പോഴുള്ള ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍ച്ചയുടെ വക്കില്‍ നിന്നും രക്ഷപ്പെട്ടു. ആദ്യ പകുതിയിൽ 132 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു സിഎസ്‌കെ നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്തപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാനായത്.

ചെന്നൈ ടീമിനൊപ്പം ക്യാപ്റ്റനല്ലാതെ ആദ്യമായി കളിച്ച ധോണിയുടെ മടങ്ങിവരവിന് ഇന്നിങ്‌സായിരുന്നു സുഎസ്‌കെയ്ക്കു രക്ഷയായത്. 38 പന്തുകളിൽ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 50 റണ്‍സ് അടിച്ചെടുത്തു. ആദ്യ 25 പന്തുകളിൽ 15 റൺസ് മാത്രമെടുത്ത് നിന്നിരുന്ന ധോണി വളരെ പെട്ടെന്നായിരുന്നു വേഗം കൂട്ടിയത് . തൊട്ടടുത്ത 13 പന്തുകളിൽ താരം അടിച്ചു കൂട്ടിയത് 35 റൺസ്. ധോണിയുടെ ഈ പ്രകടനമായിരുന്നു സിഎസ്‌കെ 130 കടത്തിയത്. കളിയുടെ അവസാന അഞ്ചോവറില്‍ 58 റണ്‍സ് സിഎസ്‌കെ അടിച്ചെടുത്തു.

ശ്രേയസ് അയ്യരുടെ കൊല്ക്കത്ത ആക്രമണത്തിന് മുന്നില്‍ എന്തു ചെയ്യണമെന്നു പോലുമറിയാതെ അമ്പരന്നു നില്‍ക്കുന്ന സിഎസ്‌കെയെയാണ് വാംഖഡെയില്‍ ഒരു ഘട്ടത്തില്‍ കണ്ടത്. കളിയുടെ ആറാം വിക്കറ്റില്‍ പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ധോണി ടീമിനെ കൈപിടിച്ചുയര്‍ത്തി. 56 ബോളില്‍ 70 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു.

ധോണിയോടൊപ്പം 26 റണ്‍സുമായി ജഡ്ഡു പുറത്താവാതെ നിന്നു. 28 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് സിഎസ്‌കെയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 21 പന്തുകളിൽ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് ഉത്തപ്പ 28 റണ്‍സ് നേടിയത്. അമ്പാട്ടി റായുഡു (15), റുതുരാജ് ഗെയ്ക്വാദ് (0), ഡെവന്‍ കോണ്‍വേ (3), ശിവം ദുബെ (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.