ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുത്; ബംഗാൾ സംഘർഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി

single-img
23 March 2022

പശ്ചിമ ബംഗാളിൽ കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കലാപത്തിൽ പങ്കെടുത്ത പ്രതികളെ പിടികൂടാൻ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അക്രമ സംഭവങ്ങൾക്ക് പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുതെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ രാംപൂര്‍ഹാട്ട് സംഘർഷത്തിന്‍റെ അന്വേഷണ റിപ്പോർട്ട് സമ‍ർപ്പിക്കാന്‍ ബംഗാള്‍ പൊലീസിന് കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇതുവരെ ശേഖരിച്ച തെളിവുകള്‍ സംരക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷമായ ബിജെപിയും സിപിഎമ്മും സംഭവത്തിൽ വിമർശനം തുടരുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി നാളെ രാംപൂര്‍ഹാട്ട് സന്ദര്‍ശിക്കും.

രാംപൂര്‍ഹാട്ടിലുണ്ടായ സംഘർഷത്തിലും എട്ട് പേരുടെ കൊലപാതകത്തിലും മമത സർക്കാരിനെതിരായ വിമ‌ർശനം ശക്തമാക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം .