സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം; അതൃപ്തി പരസ്യമാക്കി ശശി തരൂർ

single-img
22 March 2022

സിപിഎം പാർട്ടി കോൺഗ്രസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചത് വിവാദമായതിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ എംപി. അതിൽ പങ്കെടുക്കാൻ എഐസിസി അനുമതി നിഷേധിച്ചതിലുള്ള അതൃപ്തിയും തരൂർ സോഷ്യൽ മീഡിയയോലൂടെ പങ്കുവെക്കുകയുണ്ടായി .

നേരത്തെ സിപിഎം സംസ്ഥാന സമ്മേളന സമയത്തും സമാനമായ ക്ഷണം ലഭിച്ചിരുന്നെന്നും ആ സമയം ഇത് വിവാദമായില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തവണയും ഈ രീതി അവലംബിക്കാമായിരുന്നുവെന്നും പറഞ്ഞു. “ഏകദേശം ഒരു മാസം മുൻപ് സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു സെമിനാറിൽ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. ആ സമയം എ ഐ സി സി അധ്യക്ഷയോട് ആലോചിച്ച് മാധ്യമങ്ങളിൽ വിവാദമാകാതെ ഉചിതമായ തീരുമാനമെടുക്കുകയായിരുന്നു. ഇത്തവണയും ഈ രീതി അവലംബിക്കാമായിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങള്‍ വിവാദമാക്കി മാറ്റി.” ശശി തരൂര്‍ പ്രസ്താവനയിൽ പറഞ്ഞു

പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്‍റെ ഉന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ദേശീയതലത്തില്‍ സിപിഎമ്മുമായി കോണ്‍ഗ്രസിന് നല്ലരീതിയിലുള്ള ബന്ധമാണുള്ളത്. കോൺഗ്രസിലെ സെമിനാര്‍ കേരളത്തിലെ വൈകാരിക വിഷയങ്ങളെ കുറിച്ചല്ല. മറിച്ച് കേന്ദ്ര-സംസ്ഥാന ബന്ധത്തെ കുറിച്ചുള്ളതായിരുന്നു. ഈ വിഷയത്തില്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും തരൂര്‍ പറയുന്നു.

ബിജെപിക്ക് വിരുദ്ധമായി വരുന്ന പാര്‍ട്ടികളുടെ ബൗദ്ധിക ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുന്ന വേദിയായിരുന്നു ഇതെന്നും സിപിഎം ക്ഷണം സംബന്ധിച്ച് സോണിയ ഗാന്ധിയുമായി ചർച്ച ചെയ്തെന്ന് വ്യക്തമാക്കിയ പ്രസ്താവനയിൽ തരൂർ പറഞ്ഞു. ഇതോടൊപ്പം തന്നെ തനിക്ക് സെമിനാറിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സംഘടാകരെ അറിയിച്ചെന്നും തരൂര്‍ കൂട്ടിച്ചേർത്തു.