ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിൽ ഏറ്റമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു

single-img
22 March 2022

ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടം ചെയ്യാൻ എത്തിയവർ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടര്‍ന്ന് രക്തം വാർന്നാണ് തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപ് മരിച്ചത്.

ഇവിടെ കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേര്‍ന്നാണ് ദിലീപിനെ വളരെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണം നടത്തിയ രാജുവിനേയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കുറി കോവിഡിനെ തുടര്‍ന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് വാണിജ്യ മേളയ്ക്ക് അനുമതിയില്ലായിരുന്നു. ഇതിനെ മറികടന്ന് ഇവര്‍ മണപ്പുറത്ത് അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. അതേസമയം, അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭയോട് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്നും ആക്ഷേപമുണ്ട്.