പ്രധാനമന്ത്രിക്ക് യുപിയിലെ വാരണാസിയില്‍ നിന്ന് മത്സരിക്കാമെങ്കില്‍ ബംഗാളിലെ അസന്‍സോളില്‍ നിന്ന് എനിക്കും മത്സരിക്കാം: ശത്രുഘന്‍ സിന്‍ഹ

single-img
21 March 2022

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് യുപിയിലെ വാരണാസിയില്‍ നിന്ന് മത്സരിക്കാമെങ്കില്‍ പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്ന് തനിക്കും മത്സരിക്കാമെന്ന് അസന്‍സോള്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശത്രുഘന്‍ സിന്‍ഹ.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുറത്ത് നിന്ന് വന്നയാളെന്ന ആരോപണം ബിജെപി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ശത്രുഘന്‍ സിന്‍ഹയുടെ ഈ രീതിയിലുള്ള പ്രതികരണം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കള്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കില്‍ അത് തനിക്കും ബാധകമാണ്.

അതേസമയം, ഇക്കുറി അസന്‍സോളിലെ ജനവിധി ബംഗാളിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മമത ബാനര്‍ജിയോടൊപ്പമായിരിക്കുമെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. നേരത്തെ, ഈ മണ്ഡലത്തില്‍ എംപിയായിരുന്ന ബാബുല്‍ സുപ്രിയോ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നു. ഈ ഒഴിവിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഇവിടെ അഗ്‌നിമിത്ര പോളാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അതേസമയം ശത്രുഘ്നന്‍ സിന്‍ഹ നേരത്തെ ബിജെപിയോടൊപ്പമായിരുന്നു. അദ്ദേഹം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേരുകയും ബീഹാറിലെ പാട്ന സാഹിബ് മണ്ഡലത്തില്‍ പരാജയപ്പെടും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിന്‍ഹ തൃണമൂല്‍ കോൺഗ്രസിലേക്ക് എത്തുകയായിരുന്നു.