‘ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്…ഫ്ലൈ ഫ്ലൈ..’; കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന് ചോദിച്ച കെ സുധാകരനെ ട്രോളി മന്ത്രി ശിവന്‍കുട്ടി

single-img
20 March 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന് ചോദിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ. റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ പോലെ വിമാനം സര്‍വീസ് നടത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെ എന്ന ചോദ്യത്തിന് ഒരു ബസിന് ചിറകുകള്‍വെച്ചുള്ള ചിത്രമാണ് ശവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്…ഫ്ലൈ ഫ്ലൈ..,’ എന്നായിരുന്നു ഈ ചിത്രം ഷെയര്‍ ചെയ്ത് ശിവന്‍കുട്ടി എഴുതിയത്. എല്ലാ ദിശയിലേക്കും ഓരോ വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക, അത് തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും.- സുധാകരൻ പറഞ്ഞിരുന്നു.

വെറും നാല് മണിക്കൂര്‍ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്തെത്താന്‍ സംസ്ഥാനത്തെ ഇപ്പോഴുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്‌കരിച്ചാല്‍ സാധിക്കും. അതും വെറും 1000 കോടിക്ക്. അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ പദ്ധതിക്ക് ഫ്ളൈഇന്‍ കേരള എന്ന് പേരിടാമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.