ജയില്‍ മോചിതരായാല്‍ ക്ഷേത്രങ്ങളില്‍ പൂജാരിയാകാം; തടവുകാർക്ക് ജയിലിൽ പരിശീലനങ്ങള്‍ നൽകാൻ മധ്യപ്രദേശ് സർക്കാർ

single-img
20 March 2022

മധ്യപ്രദേശ് സർക്കാർ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ അമ്പത് തടവുകാര്‍ക്ക് പൂജാരിമാരാകാൻ പരിശീലനം നൽകുന്നു. ഇവർ ജയില്‍ മോചിതരായാല്‍ നേരെ പോകുന്നത് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായിട്ടാവും. സംസ്ഥാന സര്‍ക്കാരിന്റെ ‘യുഗ് പുരോഹിത്’ എന്ന പരിപാടിക്ക് കീഴിലാണ് കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്ന അമ്പത് തടവുകാര്‍ക്ക് പുരോഹിതനാവുന്നതിനുള്ള പരിശീലനം നല്‍കുന്നത്.

ഈ പദ്ധതിയിൽ ആരെയും നിര്‍ബന്ധിപ്പിച്ച് സർക്കാർ അംഗങ്ങളാക്കില്ല, ഹൈന്ദവ വൈദിക ആചാരങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കാണ് ഈ പദ്ധതി. ഇങ്ങിനെ ചെയ്യുന്നതിലൂടെ സമൂഹത്തിന് മികച്ച സന്ദേശം നല്‍കുക എന്ന ലക്ഷ്യമാണുള്ളത് എന്ന് സർക്കാർ പറയുന്നു. ഭോപ്പാലിൽ പ്രവർത്തിക്കുന്ന ഗായത്രി ശക്തിപീഠമാണ് ഇതിനായി പരിശീലനം നൽകുന്നത്.

യുഗ് പുരോഹിത്പദ്ധതിയിലൂടെ തടവുപുള്ളികള്‍ സദ്ഗുണമുള്ളവരുമായി പൊതു സമൂഹത്തിലേക്ക് മടങ്ങുക എന്നതാണ് ഗായത്രി ശക്തിപീഠത്തിന്റെ ലക്ഷ്യമെന്ന് വൈദികരില്‍ ഒരാളായ സദാനന്ദ് അമ്രേക്കര്‍ അറിയിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികള്‍ക്കായുള്ള പരിശീലനം ഈ മാസം 28ന് അവസാനിക്കും.