സിപിഎം പാർട്ടി കോൺഗ്രസിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല; പങ്കെടുക്കുന്നതിൽ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ

single-img
19 March 2022

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്നും പങ്കെടുക്കരുതെന്ന് നിർദേശം ലഭിച്ചാൽ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പാർട്ടി കോൺഗ്രസ് എന്നത് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിൽ വിരുദ്ധ ചേരിയിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എം പി, രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ സിപിഎം ക്ഷണിച്ചിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം സിൽവർ ലൈനെതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ സി പി ഐ എം വേദികളിലെ കോൺഗ്രസ് സാന്നിധ്യം ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ പി സി സി നേതൃത്വം കരുതുന്നത്. ഇതിനെത്തുടർന്ന് സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് നേതാക്കളെ വിലക്കിയെന്നുള്ള തരത്തിൽ കെ സുധാകരൻ ഇന്ന് നിലപാട് വിശദീകരിച്ചിരുന്നു.