കുട്ടികളില്‍ ‘ഏകത്വം’ എന്ന വികാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്ത് പൊതുവായ ഒരു ഡ്രസ് കോഡ് ആവശ്യമാണ്: ആര്‍എസ്എസ്

single-img
18 March 2022

കര്‍ണാടകയില്‍ ആരംഭിച്ച് സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടത്തിലേക്കുള്‍പ്പെടെ വഴിവച്ച കോളേജുകളിലെ ഹിജാബ് നിരോധനത്തിന് പിന്നാലെ കുട്ടികൾക്കിടയിൽ വസ്ത്രധാരണത്തില്‍ ഏകത്വം എന്ന ആശയം മുന്നോട്ട് വച്ച് ആര്‍എസ്എസ്. ആർ എസ് എസിന്റെ പോഷക സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തില്‍ ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണം നടത്തിയത്.

നമ്മുടെ രാജ്യത്തെ കുട്ടികളില്‍ ‘ഏകത്വം’ എന്ന വികാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്ത് പൊതുവായ ഒരു ഡ്രസ് കോഡ് ആവശ്യമാണ് ഗുജറാത്തിലെ നര്‍മ്മത ജില്ലയിലെ എക്താ നഗറില്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ ആര്‍എസ്എസ് നേതാവ് മുന്നോട്ട് വെച്ചത്. രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് അടുത്തിടെയുണ്ടായ വിവാദം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള ‘ശ്രമം’ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു.

‘നമ്മള്‍ ഓരോരുത്തരും വ്യത്യസ്ത വസ്ത്രങ്ങള്‍ അവസരങ്ങള്‍ക്കനുസരിച്ച് ധരിക്കുന്നു. വീട്ടുജോലികള്‍ ചെയ്യുന്ന സമയം അതിന് സഹായകമാവുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നു, എന്നാൽ മാര്‍ക്കറ്റിലേക്കോ ഓഫീസിലേക്കോ പോകുന്നതിന് മറ്റൊന്ന് തെരഞ്ഞെടുക്കുന്നു. സന്തോഷകരവും സങ്കടകരവുമായ അവസരങ്ങളില്‍ വസ്ത്രങ്ങളുടെ സ്വഭാവം മാറുന്നു.

അടുത്തിടെ ഹിജാബിന്റെ പേരില്‍ ഉണ്ടായ വിവാദം പെണ്‍മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ആഗ്രഹിക്കുന്നവര്‍ ഉയര്‍ത്തിയതാണ്. അവര്‍ പെണ്‍കുട്ടികളുടെ ഭാവിയുമായി കളിച്ചു. നിങ്ങള്‍ ആ അനീതിക്കൊപ്പമാണോ. അതോ യഥാര്‍ത്ഥ ഇസ്ലാമിനും മനുഷ്യത്വത്തിനുമൊപ്പമാണോ, നിങ്ങള്‍ക്ക് മാത്രമേ അതറിയൂ’ ഇന്ദ്രേഷ് കുമാർ പറയുന്നു.

ഖുര്‍ആനിലെ സൂക്തം അറബിയില്‍ ചൊല്ലിക്കൊണ്ടായിരുന്നു ജീവിത വ്യവസ്ഥയെ ബഹുമാനിക്കണം എന്ന വാദം അദ്ദേഹം ഉയര്‍ത്തിയത്. ‘സാഹോദര്യവും ഏകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്കൊരു പൊതുവായ ഡ്രസ് കോഡ് ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ദീന്‍ (ജീവിത വ്യവസ്ഥ) ഉണ്ടെന്നാണ്. ഒരാള്‍ മറ്റൊരാളുടെ ദീനില്‍ (ആചാരം) ഇടപെടരുത്, ഒരാളുടെയും ദീനിനെ വിമര്‍ശിക്കരുത്. നിങ്ങളുടെ സ്വന്തം ദീനില്‍ നടക്കുകയും മറ്റൊരാളുടെ ദീനില്‍ പങ്കെടുക്കുകയും ചെയ്യുക, നിങ്ങള്‍ ഒരു വലിയ വ്യക്തിയാകും.’ എന്ന് പ്രതികരിച്ച അദ്ദേഹം പിന്നീട് ഏകീകൃത സിവില്‍ കോഡിനെ കുറിച്ചും പിന്നീട് പരാമര്‍ശിച്ചു.