തെരഞ്ഞെടുപ്പ് പരാജയം; കാരണം കണ്ടെത്താന്‍ അഞ്ച് നേതാക്കളെ ചുമതലപ്പെടുത്തി സോണിയാ ഗാന്ധി

single-img
17 March 2022

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ നടപടികളുമായി കോണ്‍ഗ്രസ് . പരാജയകാരണം അടിയന്തരമായി കണ്ടെത്താനായി അഞ്ച് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തുകയായിരുന്നു. ജയറാം രമേശ്, അജയ് മാക്കന്‍ എന്നിവര്‍ മണിപ്പൂരിലെയും പഞ്ചാബിലെയും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും.

ജിതേന്ദ്ര സിംഗിനാണ് യുപിയുടെ ചുമതല. അവിനാശ് പാണ്ഡെ ഉത്തരാഖണ്ഡിലെയും രജനി പാട്ടീല്‍ ഗോവയിലെയും പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തും. ഇതോടൊപ്പം തന്നെ സംഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കണമെന്നും സോണിയ ഗാന്ധി ഇവരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വാരത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ദയനീയമായിരുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ. ഇതിനെ തുടർന്ന് മാര്‍ച്ച് 15ന് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരോട് രാജി വെയ്ക്കണമെന്ന് സോണിയ നിര്‍ദ്ദേശിച്ചിരുന്നു.