യുപിയിൽ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ എന്താണ് കാരണമെന്നറിയാൻ പ്രിയങ്ക; സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തി

single-img
17 March 2022

യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ എന്തെന്നറിയാൻ ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി ചര്‍ച്ച നടത്തി. ഇതിനായി ഓരോ നേതാക്കളെയും പ്രത്യേകം കണ്ട് കോണ്‍ഗ്രസ് പരാജയപ്പെടാന്‍ എന്താണ് കാരണമായി കാണുന്നതെന്ന് പ്രിയങ്ക ചോദിക്കുകയായിരുന്നു. സംസ്ഥാന നേതാക്കളായ പ്രമോദ് തിവാരി, ആചാര്യ പ്രമോദ് ക്രിഷന്‍, സതീഷ് അജ്മാനി, അജയ് റായ്, അജയ് കുമാര്‍ ലല്ലു, വീരേന്ദര്‍ ചൗധരി എന്നിവരുമായാണ് പ്രിയങ്ക ചര്‍ച്ച നടത്തിയത്.

ഈ തെരഞ്ഞെടുപ്പിൽ യുപിയിലെ 403 സീറ്റുകളില്‍ 400 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ആകെ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.മാത്രമല്ല, കേവലം 2.33 ശതമാനം വോട്ടാണ് ആകെ നേടാന്‍ കഴിഞ്ഞത്. 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്ത്രീ പ്രശ്‌നങ്ങളെ ഉന്നയിച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി മികച്ച പ്രചരണം നടത്തിയെങ്കിലും അത് വോട്ടാക്കാന്‍ കഴിഞ്ഞില്ല.

ഇന്ന് നടത്തിയ ചർച്ചയിൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയും ചര്‍ച്ചകള്‍ നടന്നു. അവസാന ചൊവ്വാഴ്ച പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ നേതാക്കളോടൊപ്പം യോഗം ചേരുകയും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.