ആഗോള ശതകോടീശ്വരന്മാരെക്കാൾ നേട്ടം; ഗൗതം അദാനി കഴിഞ്ഞ വർഷം തന്റെ സമ്പത്തിൽ കൂടുതലായി ചേർത്തത് 49 ബില്യൺ ഡോളർ

single-img
17 March 2022

ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ഇന്ത്യൻ വ്യവസായി ഗൗതം അദാനി കഴിഞ്ഞ വർഷം മാത്രം തന്റെ സന്പത്തില്‍ 49 ബില്യൺ ഡോളർ കൂടുതലായി ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. ലോകമാകെയുള്ള ശതകോടീശ്വരൻമാരായ എലോൺ മസ്‌ക് , ജെഫ് ബെസോസ് , ബെർണാഡ് അർനോൾട്ട് എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ സമ്പാദ്യത്തെക്കാൾ കൂടുതലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

2022 ലെ എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് ഈ ബുധനാഴ്ചയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസിന്റെ മേധാവി മുകേഷ് അംബാനി, 103 ബില്യൺ ഡോളറിന്റെ സമ്പത്തുമായി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തുടരുന്നു. പ്രതിവർഷം 24 ശതമാനം വർധനയാണ് ഇദ്ദേഹത്തിന്‍റെ സ്വത്തില്‍ ഉണ്ടാകുന്നത്. ഇന്ത്യൻ നിരയിൽ അദാനി ഗ്രൂപ്പിന്റെ തലവനായ ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്. നിലവിൽ അദ്ദേഹത്തിന്റെ ആദ്യ സമ്പത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 153 ശതമാനം ഉയർന്ന് 81 ബില്യൺ ഡോളറിലെത്തി.

അവസാന 10 വർഷത്തിനിടെ അംബാനിയുടെ സമ്പാദ്യം 400 ശതമാനം വർധിച്ചപ്പോൾ അദാനിക്ക് 1,830 ശതമാനം വർധനയുണ്ടായെന്നും എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു.