കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ; മീഡിയവൺ ചാനലിന് സംപ്രേഷണം തുടരാം

single-img
15 March 2022

രാജ്യ സുരക്ഷയുടെ പേരിൽ മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത് സുപ്രിംകോടതി. സുപ്രീം കോടതിയിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല വിധി.

മീഡിയാ വൺ ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ തുടർന്നും പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. വിലക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്.

കേരളാ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. വരുന്ന ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.