രാഹുല്‍ കോൺഗ്രസ്അധ്യക്ഷനല്ല; പക്ഷേ എല്ലാ തീരുമാനങ്ങളും അദ്ദേഹമാണ് എടുക്കുന്നത്; വിമർശനവുമായി കപില്‍ സിബല്‍

single-img
15 March 2022

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ . ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറിനില്‍ക്കണമെന്നും എല്ലാ കോണ്‍ഗ്രസുകാരും പാര്‍ട്ടിയുടെ പരാജയത്തില്‍ സന്തോഷവാന്‍മാരല്ലെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

‘പാർട്ടിയുടെ അധികാരത്തില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണം. അവര്‍ നാമനിര്‍ദ്ദേശം ചെയ്ത കമ്മിറ്റി ഒരിക്കലും അവരോട് മാറി നില്‍ക്കാന്‍ പറയില്ലല്ലോ. പഞ്ചാബിൽ ചരണ്‍ജിത് സിംഗ് ചന്നിയാണ് മുഖ്യമന്ത്രിയാകുകയെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ രീതിയിൽ ഒരു പ്രഖ്യാപനം നടത്തിയത്? രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷനല്ല, പക്ഷേ എല്ലാ തീരുമാനങ്ങളും അദ്ദേഹമാണ് എടുക്കുന്നത്’. കപില്‍ സിബല്‍ ആരോപിച്ചു.

രാജ്യത്ത് ഇപ്പോൾ ഉള്ളത് ‘ഘര്‍ കി കോണ്‍ഗ്രസ്’ ആണെന്നും ബിജെപിയെ ആവശ്യമില്ലാത്ത ആളുകളെ ചേര്‍ത്ത് ‘സബ് കി കോണ്‍ഗ്രസ്’ സൃഷ്ടിക്കാന്‍ താൻ അവസാന ശ്വാസം വരെ പോരാടുമെന്നും സിബല്‍ പറഞ്ഞു. ഘര്‍കി കോണ്‍ഗ്രസ് ഇല്ലാതെ സബ് കി കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് ചിലര്‍ ചിന്തിക്കുന്നുവെന്നും അത് തന്നെയാണ് നിലവിലെ പ്രശ്‌നമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.