ജനങ്ങള്‍ക്കായി യോഗി അക്ഷീണം പ്രയത്നിച്ചു ; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

single-img
13 March 2022

യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ജനങ്ങള്‍ക്കായി യോഗി അക്ഷീണം പ്രയത്നിച്ചെന്നും ഇനിവരുന്ന അഞ്ചുവര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചത്. യുപിയിലെ പുതിയ സർക്കാര്‍ രൂപികരണ ചർച്ചകള്‍ക്കായാണ് യോഗി ആദിത്യനാഥ് ഡൽഹിയിൽ എത്തിയത്.

കഴിഞ്ഞ സർക്കാരിലെ ആരെയൊക്കെ വീണ്ടും നിലനിർത്തണം ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണം എന്നതിലാണ് പ്രധാന ചർച്ച . ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ.