ഗാന്ധി കുടുംബത്തിൽ ആരും രാജി സന്നദ്ധത അറിയിച്ചില്ല; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി

single-img
13 March 2022

ഇന്ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. അതേസമയം, ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിക്കുകയും ചെയ്തു. കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന് ബദൽ എന്തിനെന്ന് അംബിക സോണി ചോദിച്ചു.സംഘടനാ തെരഞ്ഞെടുപ്പ് വരെ സോണിയ അധ്യക്ഷയായി തുടരും. ഈ വിവരം യോഗത്തിനു ശേഷം എഐസിസി നേതൃത്വം വിശദീകരിച്ചു.

ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. ഏകദേശം അഞ്ച് മണിക്കൂറാണ് പ്രവർത്തക സമിതി യോഗം നീണ്ടുനിന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യോഗത്തിൽ റിപ്പോർട്ടിങ് നടന്നു. എന്നാൽ വിമർശനം ഉന്നയിച്ച ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല.

സംഘടനയ്ക്കുള്ളിൽ തുറന്ന ചർച്ചയാകാമെന്ന നിലപാട് ഇവരും പൊതുവിൽ അംഗീകരിച്ചു. അടുത്തമാസം ചിന്തൻ ശിബിർ നടത്താൻ തീരുമാനമായി. ഇതിനെ തുടർന്ന് സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തോൽവി അതീവ ഗൗരവമെന്ന് വിലയിരുത്തിയ യോഗം, സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തി.