അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരൻ നജീബ് മലപ്പുറം പൊന്മള സ്വദേശിയാണെന്ന് സംശയം

single-img
13 March 2022

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരൻ നജീബ് അല്‍ഹിന്ദി കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്മള സ്വദേശിയാണെന്ന് സംശയം. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് എംടെക് വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായത്.

2017ല്‍ തന്റെ മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പോലീസിൽ പരാതി നല്‍കിയിരുന്നു. വെല്ലൂര്‍ കോളേജില്‍ എംടെക്കിന് പഠിക്കുമ്പോഴാണ് അന്ന് 23കാരനായ നജീബിനെ കാണാതയത്. പക്ഷെ ആ സമയം നജീബിനെതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് പിന്മാറി. നിലവിൽ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ട കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് പൊലീസ് പറയുന്നു.

നജീബ് ഇന്ത്യ വിട്ട് ഐഎസില്‍ ചേർന്നതായി നേരത്തേ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോള്‍ വീണ്ടും ഐഎസ് മുഖപത്രത്തില്‍ വന്നതെന്നാണ് നിഗമനം.