രാജ്യാന്തര പുസ്തക മേളയ്ക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റിൽ

single-img
13 March 2022

ബംഗാളിലെ കൊൽക്കത്തയിൽ നടന്ന അന്താരാഷ്‌ട്ര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ആരോപണത്തെ തുടർന്ന് ബംഗാളി നടി രൂപ ദത്ത അറസ്റ്റിൽ. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ടെലിവിഷൻ താരത്തെ ബിധാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റടി സംബന്ധിച്ച വിവരം പുറത്തുവന്നത്.

പുസ്തക മേളയിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരാണ് രൂപയെ പിടികൂടിയത്. രൂപാ ദത്തയുടെ ബാഗിൽ നിന്നും 75000 രൂപ പോലീസ് കണ്ടെടുത്തു. ബംഗാൾ കർണി സേനയുടെ അധ്യക്ഷയാണ് എന്നാണ് രൂപ സ്വയം അവകാശപ്പെടുന്നത്. പോലീസ് കണ്ടെടുത്ത പണം തന്റേതാണെന്ന് നടി ആദ്യം പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അതേസമയം, പോക്കറ്റടിച്ചതുവഴി ലഭിച്ച പണത്തിന്റെ കണക്ക് രേഖപ്പെടുത്തുന്ന ഡയറി നടിയുടെ ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവർ ഇതിനു മുമ്പും പോക്കറ്റടി നടത്തിയിട്ടുള്ളതായി ബിധാനഗർ പോലീസ് പറഞ്ഞു. നേരത്തെ,ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് രൂപ രംഗത്തെത്തിയിട്ടുണ്ട്.