കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാം; അത് തന്നെയാണ് എതിര്‍പ്പിന് കാരണം: മുഖ്യമന്ത്രി

single-img
5 March 2022

സില്‍വര്‍ ലൈൻ പദ്ധതിക്കായി ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകുമെന്നും കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് തന്നെയാണ് എതിര്‍പ്പിന് കാരണമെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും കൂട്ടിച്ചേർത്തു

പദ്ധതി നടപ്പാക്കാൻ ആവശ്യമായ എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നതെന്നും ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലായിരുന്നെന്നും അതായിരുന്നു മുന്‍പത്തെ രീതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ യുഡിഎഫ് ഭരണത്തിൽ അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ലെന്നും സില്‍വര്‍ലൈന്‍ പോലൊരു പദ്ധതിക്ക് കേരളം നേരത്തെ ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിൻ്റെ വികസനത്തിന് വേണ്ടി ആളുകൾ കുറച്ച് സ്ഥലം വിട്ടു നൽകേണ്ടി വരുമെന്നും പദ്ധതികൾ വരുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്നും പദ്ധതിയെക്കുറിച്ച് പറഞ്ഞാൽ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്അ ത് പദ്ധതിയെ എതിർക്കുന്നവർക്കും അറിയാവുന്ന കാര്യമാണ് അതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.