വൈകാതെ കേരളത്തിലെ കമ്മ്യൂണിസം അസ്തമിക്കും; അപകടകരമായ പ്രത്യയ ശാസ്ത്രം ബിജെപിയുടേതല്ല, സിപിഎമ്മിൻറേത്: കെ സുരേന്ദ്രൻ

single-img
1 March 2022

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ഒരിക്കലും ബദലല്ല, കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

വൈകാതെ കേരളത്തിലെ കമ്മ്യൂണിസം അസ്തമിക്കുമെന്നുപറഞ്ഞ സുരേന്ദ്രൻ, അപകടകരമായ പ്രത്യയ ശാസ്ത്രം ബിജെപിയുടേതല്ല, അത് സിപിഐഎമ്മിൻറേതാണെന്നും കുറ്റപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ

കൊവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിലടക്കം സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ ദയനീയ പരാജയമായിരുന്നു. പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും സര്‍ക്കാരിന്റെ അഴിമതി വ്യക്തമായതാണ്. കൊവിഡ് ബാധിച്ചുള്ള മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും കേരളം രാജ്യത്തെ നമ്പര്‍ വണ്‍ ആയിരുന്നു.

അതേപോലെതന്നെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം നടത്തുന്നു എന്ന് പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണെന്നും മലപ്പുറത്ത് ബലാത്സംഗം ചെയ്യപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുടെ വീട് സീതാറാം യെച്ചൂരി സന്ദര്‍ശിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സിപിഎംസമ്മേളന നഗരിക്ക് തൊട്ടടുത്ത് സിപിഎം ക്രിമിനലുകള്‍ കൊല ചെയ്ത ദലിത് യുവാവ് ദീപുവിന്റെ വീടും സന്ദര്‍ശിക്കണം. സംസ്ഥാനത്തെ സ്ത്രീകള്‍ക്കും ദലിത് വിഭാഗക്കാര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ യെച്ചൂരി തയാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.