ചർച്ചയിൽ സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ നിന്ന് മാറ്റമില്ലാതെ ഉക്രൈൻ; ഖാര്‍കിവില്‍ വീണ്ടും റഷ്യൻ ആക്രമണം

single-img
28 February 2022

ബലാറൂസില്‍ റഷ്യയുമായി നടന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ രാജ്യത്ത് നിന്നുള്ള ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ ഉക്രൈൻ. എത്രയും വേഗം ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് ഉക്രൈൻ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നിലവിൽ വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് അറിയിച്ചിരുന്നു.

അതേസമയം, തങ്ങൾ ഉക്രൈനുമായി ധാരണയിലെത്താന്‍ സന്നദ്ധനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഉക്രൈൻ നഗരമായ ഖാര്‍കിവില്‍ റഷ്യ വീണ്ടും ആക്രമണം നടത്തിയിട്ടുണ്ട്. ഇവിടെ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെട്ടു.

മറുഭാഗത്താവട്ടെ, വ്യോമപാത നിഷേധിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മറുപടിയുമായി റഷ്യ 36 രാജ്യങ്ങള്‍ക്ക് റഷ്യയിലൂടെയുള്ള വ്യോമപാത നിഷേധിച്ചു. അതിനിടെ ബലറൂസിലെ എംബസി അമേരിക്ക അടയ്ക്കുകയും റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.