ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂണില്‍; മുന്നറിയിപ്പുമായി കാണ്‍പൂര്‍ ഐഐടി

single-img
28 February 2022

ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ നാലാം തരംഗം ജൂണ്‍ 22ന് ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാണ്‍പൂര്‍ ഐഐടി . ഇത് ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കുമെന്നുമാണ് ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഇതുവരെയുള്ള ഡേറ്റകള്‍ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകര്‍ നാലാം തരംഗം ജൂണിലുണ്ടാകുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്.

അതേസമയം പുതിയ ഘട്ടത്തിൽ രോഗവ്യാപനം എങ്ങനെയായിരിക്കുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അത് വൈറസിന്റെ സ്വഭാവമനുസരിച്ചാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും നാലാം തരംഗത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ വാക്‌സിനേഷനിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഐഐടി കാണ്‍പൂരിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ സബര പര്‍ഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. അതേസമയം, യുഎസിൽ നടന്ന മറ്റൊരു പഠനം കാണിക്കുന്നത്, അടുത്ത കോവിഡ് വേരിയന്റ് രണ്ട് വ്യത്യസ്ത രീതികളില്‍ ഉയര്‍ന്നുവരാമെന്ന സൂചനയാണുള്ളത്.പക്ഷെ ഇവയ്ക്ക് തീവ്രത കുറവായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല.