ബലാറസില്‍ ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് നിരസിച്ചു

single-img
27 February 2022

ഉക്രൈനിലെ ഖാർകിവ് എന്ന പ്രധാന നഗരം പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം ഉക്രൈനിയൻ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവർണർ അറിയിച്ചു. ഉക്രെയ്നിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാർകിവിൽ ശക്തമായ പോരാട്ടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്.

“ഖാർകിവിന്റെ നിലവിലെ നിയന്ത്രണം പൂർണ്ണമായും നമ്മുടെ കയ്യിലായി. ഇവിടെ ഇപ്പോൾ ശത്രുക്കളിൽ നിന്ന് നഗരത്തിന്റെ പൂർണ്ണമായ ശുദ്ധീകരണം നടക്കുന്നു. റഷ്യൻ ശത്രു തീർത്തും നിരാശയിലാണ്,” ഖാർകിവിന്റെ ഗവർണർ ഒലെഹ് സിന്യെഹുബോവ് സോഷ്യൽ മീഡിയയായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

പ്രതിസന്ധി അവസാനിപ്പിക്കാൻ ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നുള്ള റഷ്യ നൽകിയ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി നിരസിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനെതിരെ രോക്ഷം കാണിക്കാത്ത സ്ഥലങ്ങളില്‍ വച്ച് താന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ ബലാറസില്‍ നിന്ന് ആക്രമിച്ചില്ലായിരുന്നെങ്കില്‍ മിന്‍സ്കില്‍ വച്ച് ചര്‍ച്ച സാധ്യമായേനെ എന്നും സെലെന്‍സ്കി പറയുന്നു.

അതേസമയം, കൂടുതല്‍ രാജ്യങ്ങള്‍ ഉക്രൈന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉക്രൈന് ആയുധസഹായം നല്‍കുമെന്ന് ജര്‍മനി വാഗ്ദാനം ചെയ്തു. പ്രതിരോധ പോരാട്ടത്തില്‍ ഉക്രൈനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.