ഇന്ത്യയ്ക്ക് ധൈര്യക്കുറവ്; ചൈനയോട് സ്വീകരിച്ച നയം തന്നെ റഷ്യയോടും സ്വീകരിക്കണം: ശശി തരൂർ

single-img
24 February 2022

ഉക്രൈനെതിരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍. ഇന്ത്യ ഇനിയും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ഇന്ത്യയ്ക്ക് ധൈര്യക്കുറവാണെന്നും പറഞ്ഞ അദ്ദേഹം, സുഹൃത്ത് തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യ ചൈനയോട് സ്വീകരിച്ച നയം തന്നെ റഷ്യയോടും സ്വീകരിക്കണം. അതേപോലെതന്നെ ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ഇതിനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ ഉക്രൈനില്‍ റഷ്യ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ശശി തരൂര്‍ വിമർശിച്ചു. ഒരല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണമെന്നും അല്ലെങ്കില്‍ റഷ്യയുടെ അധാര്‍മികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണെന്ന് പറയേണ്ടി വരുമെന്നും ശശി തരൂര്‍ ഫേസ്ബുക്കിൽ എഴുതി.

1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങിഎത്തും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിച്ചു.