എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാർ; ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് കോടിയേരി

single-img
23 February 2022

സംസ്ഥാന സർക്കാർ ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.കെ റെയിൽ പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിൻ്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി എം തോമസ് ഐസക് രചിച്ച ‘എന്തുകൊണ്ട് കെ റെയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുന്നു. ഇടതുപക്ഷത്തിൻ്റെ ബദൽ വികസന നയമാണ് സംസ്ഥാനം നടത്തുന്നത്.

പരിസ്ഥിതിയെ കൂടി സംരക്ഷിച്ചുള്ള വികസനമാണ് ഇടതുമുന്നണിയുടെ നയം. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നത്. എത്ര വേഗത്തിലുള്ള തീവണ്ടി കേന്ദ്രം അനുവദിച്ചാലും കേരളത്തിൽ വേഗതയില്ല. ഇതിന് പരിഹാരമാണ് കെ റെയിൽ.നേരത്തെ കണ്ണൂർ വിമാനത്താവള പ്രശ്നത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ റെയിൽ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. അതേസമയം, പദ്ധതി നിർത്തി വയ്ക്കണമെന്ന നിബന്ധന ഇല്ലാതെ ചർച്ചക്ക് തയ്യാറാണ് എന്ന് തോമസ് ഐസക് പറഞ്ഞു.