മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേരളാ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

single-img
18 February 2022

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമ്മിക്കുമെന്ന കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് എതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം. ഗവർണർ സഭയിൽ പ്രഖ്യാപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

കേരളം ഏകപക്ഷീയമായി നടത്തിയ പുതിയ പ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണ്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടിന്റെ ഉടമസ്ഥാവകാശം ഒരു കാരണവശാലും വിട്ടുനല്‍കില്ല. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കേരള സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ദുരൈ മുരുകന്‍ ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ നദിയില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന ഗവര്‍ണറുടെ പ്രസംഗത്തിലെ കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് എഎംഎംകെ നേതാവ് ടിടിവി ദിനകരനും ആരോപിച്ചു.