ഹിജാബ് വിഷയത്തിൽ ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥ; കർണാടക ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദം

single-img
17 February 2022

കലാലയങ്ങളിലെ ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ നാളെയും വാദം തുടരും. ഹർജിയിൽ ഇന്ന് രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. കോടതി എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി.

അതേസമയം, വിഷയത്തിൽ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. രാജ്യത്തിന്റെ ഭരണഘടനാപരമായ വിഷയങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി.

വേഗത കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും അറിയിച്ചു. ഇതോടൊപ്പം തന്നെ പ്രശ്നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ നാളെയും വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.