ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ പരസ്യമായ അജന്‍ഡ ; മോദി സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യും: കെ സുരേന്ദ്രൻ

single-img
16 February 2022

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നത് ബിജെപിയുടെ രഹസ്യ അജന്‍ഡയല്ല, പരസ്യമായ അജന്‍ഡ തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ അത് നടപ്പാക്കുക തന്നെ ചെയ്യും. ആ പേരില്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും കെ സുരേന്ദ്രരന്‍ ആവശ്യപ്പെട്ടു.

ഇന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇഎംഎസിനും സിപിഎമ്മിനും ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് വരണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ അവർ നിലപാട് മാറ്റി യൂടേണ്‍ അടിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവില്‍ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഒരേപോലെ ഗവര്‍ണറെ ആക്രമിക്കുന്നത് മുഖ്യമന്ത്രി പിണറായിയെ രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ഞങ്ങൾ ജനസംഘ കാലം മുതല്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പോലും ഇക്കാര്യം പറഞ്ഞിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇതോടൊപ്പം, കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നടന്ന കെഎസ്ഇബി അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മൂന്നാറിനെയും ഇടുക്കിയേയും എംഎം മണിയും ലംബോധരനും വ്യാപകമായി കൊള്ളയടിച്ചു. വെറും സാധാരണക്കാരായിരുന്ന ഇവര്‍ക്ക് ശതകോടിക്കണക്കിന് സമ്പാദ്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.