യുപി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥിയായ ഭര്‍ത്താവിന് വേണ്ടി വോട്ട് ചെയ്യാന്‍ നിർബന്ധിച്ച് ഐജി

single-img
15 February 2022

യുപിയിലെ അടുത്ത ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ, ബിജെപി സ്ഥാനാര്‍ത്ഥിയായ ഭര്‍ത്താവിന് വേണ്ടി വോട്ട് ചെയ്യാന്‍ ഉന്നത പൊലീസുദ്യോഗസ്ഥ ആളുകളെ നിര്‍ബന്ധിച്ചതായി സമാജ്‌വാദി പാര്‍ട്ടിയുടെ പരാതി. വിഷയത്തിൽ പാർട്ടി ലഖ്‌നൗ റേഞ്ച് ഐ.ജിയായ ലക്ഷ്മി സിംഗിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.

എത്രയും വേഗം ഐജിയെ സ്ഥലം മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ ഭര്‍ത്താവും ലഖ്‌നൗ സരോജിനി നഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജേശ്വര്‍ സിംഗിന് വോട്ട് ചെയ്യാന്‍ ആളുകളെ ഐജി നിര്‍ബന്ധിക്കുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്..

ഇതേ വിഷയത്തിൽ ആദ്യം ഫെബ്രുവരി ഏഴിനും പിന്നീട് ഫെബ്രുവരി 11നും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.മുന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിംഗ്.