അനന്തരവന്‍ ഉള്‍പ്പെട്ട ദേശീയ സമിതി മമത ബാനര്‍ജി പിരിച്ചു വിട്ടു; തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

single-img
13 February 2022

പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസിലെ പഴയ- പുതു തലമുറ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടിയിലുള്ള മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അനന്തരവന്‍ കൂടിയായ അഭിഷേക് ബാനര്‍ജി ഉൾപ്പെടെയുള്ളവർ അടങ്ങിയ ദേശീയ സമിതി പാര്‍ട്ടി ചെയര്‍പേഴ്സണും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പിരിച്ചുവിട്ടതാണ് പുതിയ കലഹത്തിന്‍റെ കാരണമായി പറയുന്നത്.

തൃണമൂല്‍ കോൺഗ്രസ് സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ 20 അംഗ പുതിയ പ്രവര്‍ത്തക സമിതിക്കും മമത രൂപം നല്‍കി. പിരിച്ചുവിട്ടതിന് പകരമായി പുതിയ ദേശീയ സമിതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

പാര്‍ട്ടിയിലെ അനിഷേധ്യമായ തന്‍റെ അധികാരസ്ഥാനം ഉറപ്പിക്കുന്നതിനായി മമത നടത്തിയ നീക്കമാണ് പുതിയ നടപടിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. നേരത്തെ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം യുവ നേതാക്കള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ പക്ഷെ ഇതുവരെ പ്രതിഷേധം അറിയിച്ചിരുന്നത്.

പാർട്ടിക്കുള്ളിൽ ഒരാള്‍ക്ക് ഒരുസമയം ഒരുപദവി എന്ന പാര്‍ട്ടി നയം മമത ചില ആളുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തി എന്ന വിമര്‍ശനം അഭിഷേക് ബാനര്‍ജി അടക്കമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാക്കിയിരുന്നു.