സൂപ്പര്‍മാര്‍ക്കറ്റില്‍ വൈന്‍ ലഭ്യമാക്കാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനം; അനിശ്ചിത കാല നിരഹാരസമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്മാറി

single-img
13 February 2022

മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുതിയ വൈന്‍ നയത്തിനെതിരായി പ്രഖ്യാപിച്ച അനിശ്ചിത കാല നിരഹാരസമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്മാറി. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ കൂടി വൈന്‍ ലഭ്യമാക്കാനുള്ള മഹാവികാസ് അഘാഡി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള നിരാഹാര സമരമാണ് പിന്‍വലിക്കുന്നതായി ഹസാരെ ഇന്ന് അറിയിച്ചത്.

മഹാരാഷ്ട്രാ എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വല്‍സ നായര്‍ സിംഗുമായി ഇന്ന് വിഷയത്തിൽ അണ്ണാ ഹസാരെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് പിന്നാലെയാണ് സമരത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന പ്രഖ്യാപനം ഉണ്ടായത്.

അദ്ദേഹത്തെ കാണാൻ മാത്രം അഹമദ്‌നഗര്‍ ജില്ലയിലെ ഹസാരെയുടെ ഗ്രാമത്തില്‍ നേരിട്ടെത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൗരന്മാരുമായി ആലോചിക്കാതെ തീരുമാനവുമായി മുന്നോട്ട് പോകില്ലെന്ന് ഹസാരെയ്ക്ക് ഉറപ്പ് നല്‍കി.

സർക്കാർ ഒരിക്കലും പല ചരക്ക് കടയില്‍ വൈന്‍ ലഭ്യമാക്കില്ലെന്നും സംസ്ഥാനത്തെ ജനങ്ങളുമായി സംസാരിക്കാതെ പുതിയ വൈന്‍ നയവുമായി മുന്നോട്ട് പോകില്ലെന്നും വല്‍സ നായര്‍ സിംഗ് ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ മാധ്യമങ്ങളെ അറിയിച്ചു.

താന്‍ ഇപ്പോഴും രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിച്ച ഉറപ്പിനെത്തുടര്‍ന്ന് സമര തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയാണെന്നും ഹസാരെ പറഞ്ഞു. ഇതോടൊപ്പം തന്നെ വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം മൂന്ന് മാസത്തിനുള്ളില്‍ തേടണമെന്ന് ഹസാരെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.