യോഗിയുടെ വിമര്‍ശനം തുറന്നുകാണിച്ചത് കേരളത്തിലെ ഭരണപരാജയത്തെ: കെ സുരേന്ദ്രന്‍

single-img
11 February 2022

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരെയുള്ള വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യോഗി നടത്തിയ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണമെന്നും സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താ കുറിപ്പില്‍ ചോദിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ”ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. അതേപോലെ തന്നെ ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന സ്ഥലം കേരളമാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദികള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ കീഴിലുള്ള സര്‍ക്കാരാണ് മതതീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പോലീസില്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്”- അദ്ദേഹം പറഞ്ഞു.

കൊവിഡ് മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. വൈറസ് വ്യാപന മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.