കേരളത്തിൽ തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും; ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ്

single-img
11 February 2022

കേരളത്തിൽ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പരമാവധി 1500 പേര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അനുമതി ഉണ്ടാവും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങളുകള്‍ക്കും ഇളവ് ബാധകമാണ്. ആറ്റുകാലില്‍ ക്ഷേത്രത്തിന് പുറത്തുള്ളവര്‍ വീടുകളില്‍ പൊങ്കാല ഇടണം.

72 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്ന് പോയതിന്റെ രേഖകളോ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരണം. 18 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരിക്കരുത്.