കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം യുപിയിലെ മുന്‍മന്ത്രിയുടെ വീട്ടില്‍; ഒന്നാം പ്രതി മകന്‍

single-img
11 February 2022

യുപിയിലെ ഉന്നാവോയില്‍ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുൻപ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര്‍ സിംഗിന്റെ വീടിന് സമീപത്ത് നിന്നും അഴുകിയ നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായ കേസിലെ മുഖ്യപ്രതി ഫത്തേഹ് സിംഗിന്റെ മകനായ രാജോള്‍ സിംഗാണ് .

കഴിഞ്ഞ വർഷം ഡിസംബര്‍ 8നായിരുന്നു 22കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നനൽകിയത്. മുന്‍ മന്ത്രി ഫത്തേഹ് സിംഗിന്റെ മകനായ രാജോള്‍ സിംഗ് മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. പിന്നാലെ, പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് ജനുവരി 24ന് പെണ്‍കുട്ടിയുടെ അമ്മ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

നിലവിൽ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും ഉന്നാവോ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിംഗ് അറിയിച്ചു.