23 പുതിയ പൊലീസ് സ്റ്റേഷനുകൾ, 10000 ഹെക്ടർ ജൈവ കൃഷി; പുതിയ നൂറുദിന പരിപാടിയിലൂടെ 1557 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

single-img
9 February 2022

സംസ്ഥാന സർക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ വരുന്ന മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

അതേസമയം, നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. 1557 പദ്ധതികൾ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ –

പാലക്കാട് നിന്നും ആശ്വാസകരമായ വാർത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷിച്ചു. നാടൊന്നാകെ ആഗ്രഹിച്ച വാർത്തയാണിത്. രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ കരസേനയുടെ മദ്രാസ് റെജിമെൻ്റ്, പാരാറെജിമെൻ്റ്, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവർക്ക്. നന്ദി.. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണമേഖല കരസേന ഉദ്യോഗസ്ഥൻ എ.അരുണിനെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ ഉറപ്പാക്കും.

പദ്ധതികൾ ഇവയാണ്: ഉന്നത നിലവാരത്തിലുള്ള 53 സ്‌കൂളുകൾ, കെ ഫോൺ പ്രവർത്തനക്ഷമമാകും ,ലൈഫിൽ 20,000 വ്യക്തിഗത വീടുകൾ, എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ, റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കും ,ഭൂരഹിതരായ 15,000 പേർക്ക് പട്ടയം വിതരണം, ഡിജിറ്റൽ സർവേ വ്യാപിപ്പിക്കും ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി, മലപ്പുറത്ത് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ, 23 പുതിയ പൊലീസ് സ്റ്റേഷനുകൾ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള 8-12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2500 പഠനമുറികൾ, 150 വിദ്യാർഥികൾക്ക് നവകേരള ഫെലോഷിപ്, ഇടുക്കിയിലെ എയർ സ്ട്രിപ് ഉദ്ഘാടനം ഡിജിറ്റൽ സർവെ തുടങ്ങും, 10000 ഹെക്ടർ ജൈവ കൃഷി, കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും, കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും, ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉത്ഘാടനം ചെയ്യും1500 റോഡുകളുടെ ഉദ്ഘാടനം നടത്തും, കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും