ആതിരപ്പള്ളിയിൽ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

single-img
8 February 2022

തൃശൂർ ജില്ലയിലെ അതിരപ്പള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗങ്ങളുടെ ശല്യത്തെ കുറിച്ച് തുടർച്ചയായി പരാതിപ്പെട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവാത്തതിൽ ചാലക്കുടി അതിരപ്പള്ളി വഴി മലക്കപ്പാറയ്ക്ക് പോകുന്ന പ്രധാന റോഡ് നാട്ടുകാർ ഉപരോധിച്ചു.

ഈ വഴിയിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. നിലവിൽ പ്രദേശത്ത് കാട്ടാനയ്ക്ക് പുറമെ മറ്റു മൃഗങ്ങളുടെയും ശല്യമുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജനങ്ങൾക്ക് കൃഷി ചെയ്യാനോ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യമാണെന്നും ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസംവൈകുന്നേരമാണ് മാള പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നിമിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്‌കൂട്ടറിൽ വരുന്നതിനിടയിൽ വീടിനു സമീപത്ത് വെച്ച് ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.