ഒരുക്കിയത് ബുള്ളറ്റ് പ്രൂഫ് കാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ; ദയവായി ഉവൈസി ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം: അമിത് ഷാ

single-img
7 February 2022

എഐഎംഐഎം നേതാവായ അസദുദ്ദീന്‍ ഉവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ സ്വീകരിക്കാനഭ്യര്‍ത്ഥിച്ച് അമിത് ഷാ. ഇന്ന് പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഉവൈസിയോട് ഇത്തരത്തിൽ ഒരു കാര്യം ആവശ്യപ്പെട്ടത്. യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഉവൈസിക്ക് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് അമിത് ഷാ സുരക്ഷ വര്‍ധിപ്പിക്കാനാവശ്യപ്പെട്ടത്.

കാറിൽ സഞ്ചരിച്ച ഉവൈസിക്ക് നേരെ വെടിയുതിര്‍ക്കുന്നത് രണ്ട് പേര്‍ കണ്ടിരുന്നുവെന്നും നിലവിൽ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ വാക്കുകൾ: ‘വളരെ വേഗംതന്നെ നടപടിയെടുക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2 പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്നും ലൈസന്‍സുള്ള രണ്ട് തോക്കുകളും കണ്ടെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് ടീം ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ട്. മുന്‍കൂട്ടി അനുവാദമില്ലാതെയാണ് ഉവൈസി പ്രചരണ പരിപാടികള്‍ക്കായി പോയത് . ഇക്കാരണത്താലാണ് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയാതിരുന്നത്. ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് കാറടക്കമുള്ള സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ദയവായി ഉവൈസി സുരക്ഷ സ്വീകരിക്കക്കണം.’