ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് പ്രത്യേക പരോൾ അനുവദിച്ച് ഹരിയാന സർക്കാർ

single-img
7 February 2022

കൊലപാതക- ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് 21 ദിവസത്തേക്ക് പ്രത്യേക പരോൾ അനുവദിച്ചു ഹരിയാന സർക്കാർ. സംസ്ഥാനത്തെ റോഹ്‌തകിൽ ജയിലിൽ കഴിയുന്ന ഗുർമീതിന് മുൻപ് ആരോഗ്യനില വഷളായി ചികിത്സയിലുള‌ള അമ്മയെ കാണാനും ആരോഗ്യ പരിശോധകൾക്കുമായി മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

അതേസമയം, ഇത്തവണ സർക്കാർ ഇടപെട്ടുകൊണ്ട് 21 ദിവസത്തെ പരോളാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പരോൾ നൽകാനുള്ള കാരണമൊന്നും ഹരിയാന സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.അതേസമയം, പഞ്ചാബിലെ മാൾവ മേഖലയിൽ വലിയ സ്വാധീനമുള‌ളയാളായ ഗുർമീത് റാം റഹീം സിംഗിന് പരോൾ നൽകുന്നതിലൂടെ കർഷക സമരത്തെ തുടർന്ന് പൊതുവെ നില പരുങ്ങലിലായ പഞ്ചാബിലെ ബിജെപിയെ സഹായിക്കാനാണ് ബിജെപി പിന്തുണയുള‌ള ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർക്കാരിന്റെ ശ്രമമെന്ന് ആരോപണം ഉയർന്നിട്ടുണ്ട് .

എന്നാൽ ഇക്കാര്യത്തിൽ തനിക്കോ തന്റെ സർക്കാരിനോ യാതൊന്നും ചെയ്യാനില്ലെന്നും നിലനിൽക്കുന്ന പ്രോട്ടോകോൾ അനുസരിച്ച് മാത്രമാണ് റാം റഹീമിന് പരോൾ നൽകിയതെന്നുമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ഗുർമീതിന് സ്വാധീനമുള‌ള മാൾവ മേഖലയിൽ 69 നിയമസഭാ മണ്ഡലങ്ങളാണുള‌ളത്.

പഞ്ചാബിലെ ആകെ നിയമസഭാ സീ‌റ്റുകളുടെ പകുതിയിലേറെ വരുമിത്. 117 സീ‌റ്റുകളാണ് പഞ്ചാബിലുള‌ളത്. ഗുർമീത് റാം റഹീം ജയിലിലായ ശേഷം അനുയായികൾ അധികം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചില്ലെങ്കിലും ഇവർ പ്രസ്ഥാനത്തിലെ നേതാക്കൾ പറഞ്ഞതനുസരിച്ച് വോട്ട് ചെയ്യുമെന്ന ഭയം ബിജെപിക്കുണ്ട്.