കോവിഡിനെ ഭയക്കേണ്ടതില്ല; രോഗം ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിയണം: മന്ത്രി വീണ ജോർജ്

single-img
7 February 2022

കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും കോവിഡ് വൈറസ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണം. വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.ആശങ്കപ്പെടേണ്ടതില്ല.

ശരിയായ നിരീക്ഷണം നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീടുകളിൽ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ വകഭേദമായ ഒമിക്രോണെ ആരും നിസാരമായി കാണരുത്. വ്യാപനശേഷി വളരെ വലുതാണ്. ആകെയുള്ള 3 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രി സേവനം ആവശ്യമായുള്ളത്. 97 ശതമാനം പേരും ഗൃഹ പരിചരണത്തിലാണുള്ളത്. അവരെ മുന്നില്‍ കണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കാണ് മുമ്പ് പരിശീലനം നല്‍കി വന്നത്. എന്നാല്‍ ഇത്തവണ വിപുലമായി വിവിധ തലങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായി പരിപാടി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, കില എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കെ.എസ്.ഐ.എച്ച്.എഫ്. ഡബ്ല്യു പ്രിന്‍സിപ്പല്‍ പ്രസന്ന കുമാരി എന്നിവര്‍ സംസാരിച്ചു.