മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാം: അമൃത ഫഡ്‌നാവിസ്

single-img
5 February 2022

മുംബൈ നഗരത്തിൽ ഉണ്ടാകുന്ന മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും, ട്രാഫിക് ജാമില്‍ പെട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുടുംബത്തോടം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ പറഞ്ഞു.

ഈ കാരണം പല കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അതുമൂലം പല വിവാഹ ബന്ധങ്ങളും തകരുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ‘മുംബൈ നഗരത്തിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,’ അമൃത ഫഡ്‌നാവിസ് പറഞ്ഞു.