കെ റെയിൽ സർവേ: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
4 February 2022

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിനൽകിയവരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വെ നടത്തരുതെന്ന ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹർജിയിലുള്ള പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.

അതേപോലെതന്നെ സര്‍വെ നിര്‍ത്തിവെയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ഇത് പദ്ധതി വൈകാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സാമൂഹികാഘാത സര്‍വെ നിര്‍ത്തിവെക്കുന്നതിലൂടെയുണ്ടാകുന്ന കാലതാമസം പദ്ധതിയുടെ ചെലവ് ഉയരാന്‍ കാരണമാക്കുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.