നാളെയെങ്കിലും തീരുമാനമെടുക്കണം; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി

single-img
3 February 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസിലെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. ഇതോടോപ്പം പ്രോസിക്യൂഷന്റെ വാദങ്ങള്‍ നാളെ നടക്കും.

ഇന്ന് നടന്നത് 2 മണിക്കൂര്‍ നീണ്ട ദിലീപിന്റെ വാദമാണ്. പിന്നാലെ കേസ് ഇനിയും നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു. ഇന്ന് നടന്ന വാദത്തിൽ ഗൂഡാലോചന കേസിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുകയായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ ഇട്ടതെന്ന് ദിലീപ് വാദിച്ചു. മാത്രമല്ല, തനിക്കെതിരായ ബാലചന്ദ്രകുമാറിൻ്റെയും ബൈജു പൗലോസിൻ്റെയും മൊഴികള്‍ വിശ്വാസ്യ യോഗ്യമല്ലെന്നും തന്നോട് മുൻവൈരാഗ്യമുള്ള ഇരുവരും ചേർന്ന് കെട്ടിച്ചമച്ച കേസാണ് ഇതെന്നും ദിലീപ് പറഞ്ഞു .

ഇതിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി യും കൂട്ടുനിന്നു. അങ്ങനെയാണ് ആലുവ ലോക്കൽ പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിൻ്റെ കൈവശം എത്തിയത്. 2 കേസും ഒരേ അന്വേഷണ ഏജൻസി എങ്ങനെ അന്വേഷിക്കും എന്ന ചോദ്യമാണ് ദിലീപ് കോടതിയിൽ പ്രധാനമായും ഉന്നയിച്ചത്.