മീഡിയ വൺ : അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ല; ഹൈക്കോടതിക്ക് മറുപടി നൽകി കേന്ദ്രസർക്കാർ

single-img
2 February 2022

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ അനുമതി നിഷേധിച്ച കാരണങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി എന്നാണ് കേന്ദ്രസർക്കാർ മറുപടി.

അതേസമയം അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചാൽ ഇതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വാഭാവിക നീതിയുടെ ലംഘനം കണക്കാക്കാൻ കഴിയില്ല. നിലവിൽ കോടതി ചാനലിന് സംപ്രേഷണം തുടരാൻ അനുമതി നൽകിയ ഇടക്കാല ഉത്തരവ് മാർഗ്ഗനിർദേശങ്ങൾക്ക് എതിരാണെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു.

ചാനൽ നൽകിയ ഹർജി ഇനി കോടതി തിങ്കളാഴ്ച കോടതി പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുളള രേഖകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.