കേരളം സന്ദർശിക്കാൻ അബുദാബി ചേംബറിൻ്റെ ഉന്നത തല സംഘം; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

single-img
2 February 2022

യുഎഇയുമായുള്ള വാണിജ്യ വ്യവസായ രംഗത്തെ കേരളത്തിന്റെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ചേംബറിൻ്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. ഇന്ന് അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

ഇപ്പോൾ രൂക്ഷമായി തുടരുന്ന കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിൻ്റെ തീരുമാനം. ഇന്ന് അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എ ജി രാജമാണിക്കം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ ഇളങ്കോവൻ, ഓഎസ്ഡി മിർ മുഹമ്മദ് എന്നിവരെ ചേംബർ ചെയർമാൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു.