കണ്ണൂരിൽ ആർഎസ്എസ് നേതാവിന്‍റെ വീട്ടിലെ ബോംബ് സ്ഫോടനം;അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട്

single-img
30 January 2022

പയ്യന്നൂരിൽ ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്​ഫോടനം നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ റഊഫ്. ആർഎസ്‌എസ്‌ പയ്യന്നൂർ ഖണ്ഡ്‌ കാര്യവാഹ്‌ കാങ്കോൽ ആലക്കാട്ട് ബിജുവിന്‍റെ വീട്ടിലാണ് ബോംബ്‌ നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം നടന്നത്. സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. സ്ഫോടനത്തിൽ ഇയാളുടെ കൈപ്പത്തി തകർന്നിട്ടുണ്ട്.

സ്ഫോടനം നടന്നയുടൻ പ്രദേശത്തെ ആർഎസ്‌എസ്‌ പ്രവർത്തകരെത്തി ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്ക്‌ മാറ്റുകയും തെളിവുകൾ നശിപ്പിക്കാനായി സ്ഫോടന സ്ഥലം വെള്ളമൊഴിച്ച്‌ കഴുകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാളെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. വിഷയത്തിൽ ആർഎസ്എസിനെ സഹായിക്കുന്ന നിലയിലുള്ള ഇടപെടലുകളാണ് ലോക്കൽ പോലിസ് നടത്തുന്നതെന്നും വളരെ വൈകിയാണ് പോലിസ് സംഭവസ്ഥലത്ത് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് ഇടപെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആർഎസ്എസിൻ്റെ ആയുധപ്പുരകൾ റെയ്ഡ് നടത്തണം. സംസ്ഥാനത്ത് ഉടനീളം വലിയ കലാപത്തിന് ആർഎസ്എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിൻ്റെ ആർഎസ്‌എസ്‌ കേന്ദ്രങ്ങളിൽ ബോംബ്‌ നിർമ്മാണ പരിശീലനവും ആയുധശേഖരണവും നടക്കുന്നുണ്ട്. പയ്യന്നൂരിലെ ബോംബ് നിർമാണവും ഇതിൻ്റെ ഭാഗമാണോയെന്ന് അന്വേഷിക്കണം. സ്ഫോടനം നടക്കുമ്പോൾ ആർഎസ്എസ് നേതാക്കളും നിരവധി പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരമെന്നും റഊഫ് പറഞ്ഞു.

ആര്‍എസ്എസും പോഷകസംഘടനകളും സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിൻ്റെ തെളിവാണിത്. ഇതിനായി വ്യാപകമായി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ നിര്‍മിക്കുകയും വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കുകയുമാണ്. കഴിഞ്ഞ നവംബറിൽ മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ആലപ്പുഴ ചാത്തനാട് ബോംബ് നിര്‍മ്മാണത്തിനിടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍(കണ്ണന്‍) കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ആരോപണം നേരിടുന്ന കണ്ണൂരിലെ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലും സ്ഫോടനമുണ്ടായി. പിന്നാലെ കണ്ണൂര്‍ നരിവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പന്ത്രണ്ട് വയസ്സുകാരനും പരിക്കേറ്റിരുന്നു. ഈ മൂന്ന് സംഭവങ്ങളിലും പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നില്ല.

ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലന്‍സില്‍ നിന്നും അടുത്തിടെ തോക്ക് പിടികൂടിയിരുന്നു.

മുമ്പ് കേരളത്തിലെ സംഘപരിവാര നേതാക്കള്‍ തോക്കുകള്‍ ഉള്‍പ്പടെ വന്‍തോതില്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിരന്തരം ബോംബുകൾ കണ്ടെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉള്‍പ്പടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഴുവന്‍ ചാരിറ്റി സ്ഥാപനങ്ങളിലും പോലിസ് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെടുന്നതായി റഊഫ് ഫേസ്ബുക്കിൽ എഴുതി.