മധുവിന്റെ കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനും സര്‍ക്കാര്‍ ശ്രമം: ചെന്നിത്തല

single-img
30 January 2022

ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിണിമാറ്റുന്നതിനായി കുറച്ച് അരി കൈവശപ്പെടുത്തിയതിനാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തില്‍നിന്നുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ പസ്യവിചാരണ നടത്തി മരത്തില്‍ കെട്ടിയിട്ട് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

2019 ഓഗസ്റ്റില്‍ വി.ടി. രഘുനാഥിനെ ടി കേസിന്റെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ ഹാജരായില്ലെന്നും മറിച്ച് ജൂനിയര്‍ അഭിഭാഷകനാണ് കോടതിയില്‍ ഇതിനായി എത്താറുളളതെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്നും ഒരു പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുളള നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണ്ണരൂപം :

ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ഒരു പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുളള നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും, ഇടതു സംഘടനകളും പൊതുസമൂഹത്തിന് നല്‍കിയിരുന്ന വാഗ്ദാനങ്ങളുടെയും, പ്രഖ്യാപനങ്ങളുടെയും കാപട്യമാണ് ഇപ്പോൾ വെളിവായിരിക്കുകയാണ്. പട്ടിണിമാറ്റുന്നതിനായി കുറച്ച് അരി കൈവശപ്പെടുത്തിയതിനാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തില്‍നിന്നുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ പസ്യവിചാരണ നടത്തി മരത്തില്‍ കെട്ടിയിട്ട് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഈ ഹീനകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കുന്നതിനും കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കേസ്തന്നെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നതെന്നുമുള്ള വിമര്‍ശനം ശക്തമാണ്.

2019 ഓഗസ്റ്റില്‍ വി.ടി. രഘുനാഥിനെ ടി കേസിന്റെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ ഹാജരായില്ലെന്നും മറിച്ച് ജൂനിയര്‍ അഭിഭാഷകനാണ് കോടതിയില്‍ ഇതിനായി എത്താറുളളതെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. താന്‍ കേസിന്റെ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞെന്ന് കാണിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കിയിരുന്നതായി രഘുനാഥനും വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ രഹസ്യമായ പല ഇടപെടലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന് താല്‍പര്യമുളള ക്രിമിനലുകളെ സംരക്ഷിക്കാന്‍ വേണ്ടി ഖജനാവില്‍ നിന്നും വന്‍തുക ചെലവഴിച്ച് പ്രമുഖ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരംശമെങ്കിലും ഈ കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ പ്രകടിപ്പിക്കണമായിരുന്നു.

ഇടതുസര്‍ക്കാര്‍ ആദിവാസി ജനവിഭാഗങ്ങളോട് പുലര്‍ത്തുന്ന കരുതലിന്റെയും, ആത്മാര്‍ത്ഥയുടെയും തനിനിറം ഈ സംഭവത്തില്‍നിന്നും വ്യക്തമാണ്. കേസില്‍ ഹാജരാകുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് വിചാരണക്കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്ന സാഹചര്യം അത്യന്തം ലജ്ജാകരമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും, ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് വീമ്പിളക്കുന്ന ഒരു സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണ്.

നീതിന്യായ വ്യവസ്ഥയോടും, നിയമസംവിധാനങ്ങളോടുമുള്ള സമൂഹത്തിന്റെ, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിശ്വാസവും, പ്രതീക്ഷയുമാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ നീതിക്കായി അലയുന്ന അമ്മയുടെ ദയനീയ ചിത്രം ഇപ്പോഴും നമുക്ക് മുന്‍പിലുണ്ട്. ഇതിനിടയിലാണ് മധുവിന്റെ കേസിലും സമാന അട്ടിമറി ആവര്‍ത്തിക്കപ്പെടുന്നത്.

ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ കേസ് അട്ടിമറിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നു എന്ന് മധുവിന്റെ അമ്മ തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാനോ, അതിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന വസ്തുത ഈ രണ്ട് സംഭവങ്ങളിലൂടെ പൊതുസമൂഹത്തിനും ബോധ്യമായിട്ടുണ്ട്. കേരളത്തിന്റെ നിയമസംവിധാനങ്ങളുടെ ചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായമായി ഈ കേസ് മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


കേസിന്‍റെ വിചാരണനടപടികളില്‍ സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അലംഭാവത്തിലും കെടുകാര്യസ്ഥതയിലും മനംമടുത്ത് ഈ കേസിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് മധുവിന്‍റെ അമ്മ ആവശ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.