ഫ്രോഡുകൾ എന്നായാലും ഒരുനാൾ വിചാരണ നേരിടും; ജഹാംഗീറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് വാസുദേവൻ

single-img
29 January 2022

സോഷ്യൽ മീഡിയയിൽ വിവാദമായ പോസ്റ്റുകളിലൂടെ ശ്രദ്ധേയനായ അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഹൈക്കോടതി വക്കീൽ ആണെന്ന് നുണ പറഞ്ഞു കഴിഞ്ഞ 6 വർഷമായി ജഹാംഗീർ ആമിന റസാക്ക് എന്നയാൾ ആളുകളെ പറ്റിക്കുന്നതായി അറിയാം. 2015 ലോ മറ്റോ ഒന്നുരണ്ടു മാസം ഇവിടെ പ്രാക്ടീസ് ചെയ്തു കണ്ടിട്ടുണ്ട്. മാന്യമല്ലാത്ത കാരണത്താൽ നിന്ന ഓഫീസുകളിൽ നിന്നൊക്കെ പുറത്താക്കിയെന്ന് ഹരീഷ് പറയുന്നു. ഇയാൾക്കെതിരെ കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ റേപ് കേസ് രജിസ്റ്റർ ചെയ്ത പിന്നാലെയാണ് ഹരീഷ് പോസ്റ്റ് എഴുതിയിരിക്കുന്നത്.

കോഴിക്കോട് ലോ കോളേജിൽ പഠിച്ച കാലത്തേ ജഹാംഗീറിനെ അറിയാം, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, എസ്എഫ്ഐ ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്. അതായിരിക്കണം എസ്എഫ്ഐയുമായുള്ള ഇയാളുടെ ഏക ബന്ധമെന്നും ഹരീഷ് പറയുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സാധാരണ ഞാൻ വ്യക്തികളെ ടാർഗറ്റ് ചെയ്തു പോസ്റ്റുകൾ ഇടാറില്ല. ഞാൻ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയി വീട്ടിലിരിക്കുമ്പോൾ, ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നത് കൊണ്ടു, ഫോണിൽ പറയാൻ ചുമ അനുവദിക്കാത്തത് കൊണ്ടാണ് ഈ പോസ്റ്റ്.

ഹൈക്കോടതി വക്കീൽ ആണെന്ന് നുണ പറഞ്ഞു കഴിഞ്ഞ 6 വർഷമായി ജഹാംഗീർ ആമിന റസാക്ക് എന്നയാൾ ആളുകളെ പറ്റിക്കുന്നതായി അറിയാം. 2015 ലോ മറ്റോ ഒന്നുരണ്ടു മാസം ഇവിടെ പ്രാക്ടീസ് ചെയ്തു കണ്ടിട്ടുണ്ട്. മാന്യമല്ലാത്ത കാരണത്താൽ നിന്ന ഓഫീസുകളിൽ നിന്നൊക്കെ പുറത്താക്കി. (അതിലൊന്ന്, ഒരു റേപ്പ് വിക്റ്റീമിനോട് കോടതിയിലേക്ക് പോകുംവഴി സെക്ഷ്വൽ ഫേവർ ചോദിച്ചു എന്നതാണെന്ന് അന്ന് ഇയാളുടെ കൂടെ ജോലി ചെയ്ത വക്കീൽ എന്നോട് ഈ വാർത്ത കണ്ടു സാക്ഷ്യം പറയുന്നു.)

പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലെങ്കിലും, “ഹൈക്കോടതിയിലേക്ക്” എന്നൊക്കെ കാറിലിരുന്ന് ഫോട്ടോ സഹിതം ഇടയ്ക്ക് ഇയാളുടെ FB പോസ്റ്റുകൾ കാണാറുണ്ട്. വക്കീലന്മാരിൽ പലരും ഇവിടെ മൂക്കത്ത് വിരൽ വെയ്ക്കും, “ഇവനെങ്ങനെ സാധിക്കുന്നു ഇങ്ങനെ നുണ പറയാൻ !!

“ഹരീഷിന്റെ സുഹൃത്താണോ” എന്നു എന്നോട് നേരിട്ടു ചോദിച്ച എല്ലാവരോടും ഇയാളുടെ ഫ്രോഡ് സ്വഭാവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പബ്ലിക് നോട്ടീസ് കൊടുത്തിട്ടില്ല, എന്നിട്ട് വേണം പ്രൊഫഷണൽ റൈവൽറി ആണെന്ന്, ഇയാൾക്ക് മേനി പറയാൻ .

കോഴിക്കോട് ലോ കോളേജിൽ പഠിച്ച കാലത്തേ ജഹാംഗീറിനെ അറിയാം, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, SFI ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്. അതായിരിക്കണം SFI യുമായുള്ള ഇയാളുടെ ഏക ബന്ധം. ഒരു മാസം ജോലി ചെയ്ത മലപ്പുറത്തെ ഒരു സ്ഥാപനത്തിൽ നിന്ന് സ്ത്രീ വിഷയത്തിൽ പുറത്താക്കിയതും നേരിട്ടറിയാം. കാരണം, ആ സ്ഥാപനത്തിൽ ഞാനും അതേസമയം ജോലി ചെയ്തിരുന്നു.

എത്ര സ്ത്രീകളോട് ജഹാംഗീർ ലൈംഗികബന്ധം പുലർത്തണം എന്നതൊക്കെ തികച്ചും സ്വകാര്യമായ കാര്യമാണ്. എനിക്കൊരു എതിർപ്പുമില്ല. എന്നാൽ വിവാഹവാദ്ഗാനം നടത്തി എത്രയോ സ്ത്രീകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്ന ആരോപണം ഗൗരവമുള്ളതാണ്. ഞെട്ടിക്കുന്ന പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇരകളിൽ ചിലരെ നേരിൽ അറിയാം. നഗ്നഫോട്ടോ എടുത്ത് വെച്ചു അവരെ ഭീഷണിപ്പെടുത്തുന്നത് കൊണ്ട് ചിലർ പരാതിപ്പെടാൻ വരുന്നില്ല എന്നത് അതിലേറെ ഗൗരവമുള്ളതാണ്. ജഹാംഗീറിനെ 17 വർഷമായി കാണുന്നത് കൊണ്ട് ഇതിൽ ഒരതിശയോക്തിയും ഉണ്ടാകാൻ ഇടയില്ല എന്നാണ് എന്റെ തോന്നൽ. ഇപ്പോൾ പരാതി കൊടുത്ത ആ ഇരയോടൊപ്പം. കേസ് അന്വേഷണം നടക്കട്ടെ.

മാധ്യമങ്ങൾ കൊടുത്ത സ്‌പേസ് ജഹാംഗീർ ഉപയോഗിച്ചത് തന്റെ ഇരകളെ വലവീശി പിടിക്കാൻ ആയിരുന്നു. അവർക്ക് ഈ വാർത്ത കൊടുക്കാനും ബാധ്യതയുണ്ട്.

https://www.facebook.com/harish.vasudevan.18/posts/10159910059272640