പശുവിന്റെ മുന്നില്‍ വെച്ച് മൂത്രമൊഴിച്ചു എന്ന് ആരോപണം; മധ്യപ്രദേശിൽ യുവാവിന് മര്‍ദനം

single-img
29 January 2022

മധ്യപ്രദേശിലുള്ള രത്‌ലം ജില്ലയില്‍ പശുവിന്റെ മുന്നില്‍ വെച്ച് മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ചു. ഇയാളെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടര്‍ന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

വിരേന്ദ്ര റാത്തോഡ് എന്ന് പേരുള്ള ഒരാളെയാണ് മാനക് ചൗക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 323 (സ്വേച്ഛയായുള്ള ആക്രമണം) സെക്ഷന്‍ 294 (പൊതുസ്ഥലത്തെ അസഭ്യ പരാമര്‍ശം) സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പശുവിന്റെ മുന്നില്‍ വെച്ച് മൂത്രമൊഴിച്ചു എന്ന ആരോപണവുമായി സൈഫുദ്ദീന്‍ പത്‌ലിവാല എന്നയാളെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വീഡിയോയില്‍ റാത്തോഡ് സൈഫുദ്ദീനെ തല്ലുന്നതും ഇയാള്‍ മാപ്പു ചോദിക്കുന്നതുമാണുള്ളത്. സംഭവത്തിൽ സൈഫുദ്ദീന്‍ ആവര്‍ത്തിച്ച് മാപ്പുചോദിച്ചിട്ടും റാത്തോഡ് മര്‍ദനം തുടരുകയായിരുന്നു.

അന്വേഷണത്തിൽ വീഡിയോ ട്രാക്ക് ചെയ്ത് സൈഫുദ്ദീനെ കണ്ടെത്തിയ പൊലീസ് പരാതി എഴുതി വാങ്ങിക്കുകയും ഉടന്‍ തന്നെ വീരേന്ദ്ര റാത്തോഡിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് മാനക് ചൗക് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സച്ചിന്‍ ദര്‍ബാര്‍ പറഞ്ഞു.